
സിനിമാ നടന്മാരെ പോലെയും ക്രിക്കറ്റ് കളിക്കാരെ പോലെയും പ്രശസ്തരായ ആള്‍ക്കാര്‍ക്ക് ഈ സമൂഹത്തോട് വല്ല ബാധ്യതയുമുണ്ടോ? അതോ കേവലം കശുണ്ടാക്കള്‍ മാത്രമാണോ അവരുടെ പണി? എന്താ ഇപ്പൊ ഇങ്ങനെ ഒരു ചിന്ത എന്നല്ലേ...
സചിന്‍ ടെണ്ടുല്‍ക്കരെ കുറിച്ച് വന്ന ഒരു വാര്‍ത്തയാണ് കാരണം. ഒരു മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ക്ഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരസിച്ചത്രേ. ഇതുവഴി 20 കോടി രൂപയാണ് സച്ചിന്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. സച്ചിനെന്താ കാശ് പുളിക്കുമോ? പക്ഷെ അതല്ല കാര്യം. ആരോഗ്യത്തിന് ഹാനികരാമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ തന്നെ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഇത് വായിച്ചപ്പോള്‍ ഉടനെ എന്റെ മനസ്സിലേക്ക് വന്നത് "വൈകീട്ടെന്താ പരിപാടി " എന്ന നമ്മുടെ സൂപ്പര്‍താരത്തിന്റെ ഡയലോഗ് ആണ്. തന്നെ പോലെ ജന മനസ്സുകളില്‍ സ്ഥാനമുള്ള ആള്‍ക്കാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാമോ എന്നത് അദ്ദേഹത്തിനു പ്രശ്നമേ അല്ല. എന്നുമാത്രമല്ല
അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാരും മദ്യപിക്കുന്നവര്‍ ആണത്രേ. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന മറ്റൊരു വാക്കാണ് കപട സദാചാരം എന്നത്.

മദ്യം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ ഇന്ന് ആര്‍ക്കും അജ്ഞാതമല്ല. മദ്യം പാപങ്ങളുടെ മാതാവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതെങ്കിലും മതം ഇതിനെ പ്രോത്സാഹിപ്പിച്ചതായി അറിയില്ല.
ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ മദ്യത്തിനെതിരെ സംസാരിക്കുന്നു. മദ്യത്തെ കുറിച്ച് മതങ്ങള്‍ പറഞ്ഞതൊക്കെ മാറ്റി വക്കുക. ആരോഗ്യ പ്രശ്നങ്ങളെയും അവഗണിക്കുക. എന്നാലും ഇത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവഗണിക്കാന്‍ സൂപ്പര്‍ സ്റ്റാറിനാവുമോ? എത്ര കുടുംബിനികളാണ് ഇതുമൂലം കണ്ണീര് കുടിക്കുന്നത് ? . സിനിമകളില്‍ കരഞ്ഞും കരയിപ്പിച്ചും ജനപ്രീതി നേടിയ ആള്‍ക്ക് ഇത് കപട സദാചാരവാദികള്‍ ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞ് ഈ കുടുംബിനികളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനാവുമോ?
എന്തായാലും സച്ചിനെ അഭിനന്ദിക്കാതെ വയ്യ. പണത്തിനു മുകളിലും ചിലതുണ്ട് എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.
No comments:
Post a Comment