Friday, 20 May 2011

ശബരിമലയും മുസ്ലിം പള്ളികളും

അതായത്‌ ശബരിമല സീസണില്‍ ധാരാളം സ്വാമിമാര്‍ മലക്ക്‌ പോകുന്നു. നമുക്ക്‌ റോഡരികില്‍ ധാരാളം പള്ളികളുണ്ട്. റോഡരികില്‍ ക്ഷേത്രങ്ങള്‍ കുറവാണ് താനും. എന്തുകൊണ്ട് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും അല്പം വെള്ളം കുടിക്കാനുമൊക്കെ സൗകര്യം ഈ പള്ളികളില്‍ ചെയ്തുകൂടാ ?
റാജി പറഞ്ഞപ്പോള്‍ ഇതൊരു നല്ല ആശയമാണ് എന്ന് എനിക്കും തോന്നി.

പക്ഷെ പതിവുപോലെ പൂച്ചക്കാരു മണികെട്ടും എന്നതാണ് ഇവിടെയും പ്രശ്നം. മുസ്ലിം സംഘടനകള്‍ ആണ് ഇവിടെയും വില്ലനാകാന്‍ പോകുന്നത്. ഒരു കൂട്ടര്‍ നല്ല ഉദ്ദേശ്യം വച്ച് ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രഹസ്യമായോ പരസ്യമായോ മറ്റു കൂട്ടര്‍ പ്രചരണം നടത്തും. സംഘടനകള്‍ തമ്മിലുള്ള മല്‍സരം മാത്രമാണ് ഇവര്‍ക്ക് കാര്യം. തങ്ങളുടെ പ്രചാരണങ്ങളും പ്രസംഗങ്ങളും പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നോ പൊതുസമൂഹം ഇതിനെ എങ്ങനെ നോക്കികാണുന്നുവെന്നോ അവര്‍ ചിന്തിക്കാറില്ല. തൊടുപുഴയിലെ പ്രൊഫസര്‍ക്ക് രക്തം നല്‍കിയ സോളിഡാരിറ്റിക്കുണ്ടായ അനുഭവവും ഓണസദ്യ കഴിക്കാമോ എന്ന വിവാദവുമൊക്കെ ഉദാഹരണം. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാം എന്നു ലോകപ്രസിദ്ധ പന്ധിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വ പ്രബോധനം വാരിക പ്രസിദ്ധീകരിച്ചതിനെതിരെ മറ്റൊരു സംഘടനാ നേതാവിന്റെ പ്രസംഗം യൂട്യൂബില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. കറകളഞ്ഞ ഏക ദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ഇത് മാറ്റിവച്ച് ഒന്നും ചെയ്യണമെന്നു എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതിന്റെ പരിധിയില്‍ നിന്നുകൊണ്ട് എത്രത്തോളം പരസ്പരം സഹകരിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. മനസ്സ്‌ കൂടുതല്‍ വിശാലമാവേണ്ടതുണ്ട്.

മറ്റെല്ലാ കര്യത്തിലുമെന്നപോലെ മത സൗഹാര്‍ദത്തിന്റെ വിഷയത്തിലും രണ്ടറ്റത്തു നില്‍ക്കാനാണ് എല്ലാര്ക്കും താല്പര്യം. ഒന്നുകില്‍ മറ്റുള്ളവരുമായി യാതൊരുവിധ ഇടപഴകലും ഇല്ലാത്ത ഒരു നിലപാട്. അതല്ലെങ്കില്‍ സ്വന്തം വിശ്വാസത്തിനു എതിരായ കാര്യങ്ങളും മതസൌഹാര്‍ദ്ദത്തിന്റെ പേരില്‍ ചെയ്യുന്ന ഒരു വിഭാഗം. ഉദാഹരണത്തിന് മുസ്ലിംകള്‍ ഓണസദ്യ കഴിക്കുന്നതും ഓണ-ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റാണെന്ന്  മുസ്ലിംകളില്‍ ചിലര്‍ വാദിക്കുന്നു. അതുപോലെ ബ്രാഹ്മണന്‍ സ്വന്തം വീട്ടുകാരറിയാതെ മുസ്ലിം സുഹ്രുത്തിന്റെ വീട്ടില്‍ പോയി ചിക്കന്‍ ബിരിയാണി കഴിക്കുന്നതും റമദാന്‍ മാസം(നോമ്പ് കാലം) മുസ്ലിം ആരുമറിയാതെ  ഹിന്ദു സുഹ്രുത്തിന്റെ വീട്ടില്‍ പോയി വയറുനിറയെ സദ്യയുണ്ണുന്നതും ആണ് മത സൗഹാര്‍ദ്ദം എന്ന്  ചിലര്‍ കരുതുന്നു. ഈ രണ്ടു നിലപാടും ആരോഗ്യകരമായി എനിക്ക് തോന്നുന്നില്ല. സ്വന്തം അസ്തിത്വവും വ്യക്തിത്വവും നില നിര്ത്തികൊണ്ട്  സൌഹ്യദം സാധ്യമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്.  അനുഭവവും അതുതന്നെ പറയുന്നു.

എന്തായാലും സ്വാമിമാര്‍ക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൗകര്യം പള്ളികളില്‍ ചെയ്യാനായാല്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും. പരസ്പരം അടുക്കാനുള്ള ഒരു ചാന്‍സും നഷ്ടപ്പെട്ടുകൂടാ. ഇതിനു ആര് മുന്നിട്ടിറങ്ങും എന്നതാണ് ചോദ്യം ? ക്രിസ്ത്യന്‍ യാത്രാ സംഘത്തിനു സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്റെ മാതൃക മുന്നിലുണ്ട് .

 എന്റെ കാഴ്ചപ്പാടില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം.....
'

No comments:

Post a Comment